Tuesday, 16 July 2013

മുക്തി

             രണ്ടു മാസങ്ങള്‍ക്ക്‌ ശേഷമാണ്‌ ഞാന്‍ എന്റെ മകനെ വീണ്ടും കാണുന്നത്‌. ഭാര്യ വീടിന്റെ പടികടന്ന്‌ അകത്തേയ്‌ക്ക്‌ കയറുമ്പോള്‍ അമ്മയുടെ ഒക്കത്തിരുന്ന്‌ അവന്‍ വിടര്‍ന്ന കണ്ണുകളോടെ പുഞ്ചിരിച്ചു. പിന്നെ മണിമുത്തുകള്‍ പൊഴിയും പോലെ ആര്‍ത്ത്‌ ആര്‍ത്ത്‌ ചിരിച്ചു. 

“ആരാ മോനെ ഇത്‌” 

അമ്മയുടെ ചോദ്യത്തിന്‌ ചിരിയുടെ ഇടയില്‍ അവന്‍ മറുപടിയും നല്‍കി.

 “അച്ഛ”

 രണ്ടു വയസ്സു മാത്രം പ്രായമുള്ള അവന്റെ മനസ്സില്‍ എന്തായിരുന്നിരിക്കും അപ്പോള്‍. പരിചയമുള്ള മുഖങ്ങളെക്കാള്‍ ഉപരി ആ കുരുന്നു മനസ്സില്‍ എന്തോ ഒരു വികാരം ഞാന്‍ തിരിച്ചറിഞ്ഞു. രക്ത ബന്ധത്തിന്റെ ശക്തിയാണോ? അതോ ഇക്കാലമത്രയും വാരിപ്പുണര്‍ന്ന്‌ നെറ്റിയില്‍ നല്‍കിയ ചുംബനങ്ങളുടെ ഊഷ്‌മളതയാണോ? ചിലപ്പോള്‍ ഒരു പ്രകൃതി നിയമം പോലെ അവന്‍ അഛനെ തിരിച്ചറിഞ്ഞതാണോ?. ഒന്നും എനിക്കറിയില്ല. പക്ഷേ ഒന്നറിയാം എന്റെ മകന്‍ എന്നെ മനസ്സിലാക്കുന്നു, എന്നെ സ്‌നേഹിക്കുന്നു, എന്റെ സാമീപ്യത്തില്‍ അവന്‍ സന്തോഷിക്കുന്നു. 

കയ്യിലിരുന്ന ബാഗ്‌ താഴെവച്ച്‌ രണ്ടു കൈയ്യും നീട്ടി ഞാന്‍ വിളിച്ചു. എന്റെ കൈത്തണ്ടയിലേയ്‌ക്ക്‌ ചാടിക്കയറുമ്പോള്‍ ഒരു രാജ്യം വൈട്ടിപ്പിടിച്ച രാജാവിനേക്കാളും അന്തസ്സുണ്ടായിരുന്നു അവന്റെ മുഖഭാവത്തില്‍.

 “അഛനൊരു ഉമ്മതാ ചക്കരേ” 

പൊന്നു മോന്റെ മുത്തം കൊതിയ്‌ക്കാത്ത ഏത്‌ അഛനുണ്ടാവും ഈ ലോകത്ത്‌, ഞാന്‍ ചോദിച്ചപ്പോള്‍ ഇളം ചുണ്ടുകൊണ്ട്‌ ചെറു മന്ദഹാസത്തോടെ അവന്‍ കവിളത്തൊരു മുത്തം തന്നു. കൂടെ ഉറക്കെ പറയുകയും ചെയ്‌തു.

 “ഉമ്മ....” 

എന്നിട്ട്‌ അച്ഛന്റെ കൈത്തണ്ടയില്‍ ഞെളിഞ്ഞിരുന്ന്‌ ഒരു ചക്രവര്‍ത്തിയെപ്പോലെ അമ്മയെ നോക്കി ചിരിച്ചു. 
അമ്മയുടെ മുഖത്ത്‌ കുശുമ്പിന്റെ ഒരു നിഴലാട്ടമില്ലേ. സ്വന്തം കുഞ്ഞിന്റെ സ്‌നേഹം പങ്കുവയ്‌ക്കാന്‍ ഒരു അമ്മയ്‌ക്കും മനസ്സുവരില്ല. അതു സ്വന്തം ഭര്‍ത്താവായാല്‍ കൂടി. 
അവള്‍ കൈ നീട്ടി മകനെ വിളിച്ചു.

 “പോ.... പോ......” 

അവന്‍ അമ്മയുടെ കൈ തട്ടിമാറ്റി ഇനി അമ്മയുടെ അടുത്തു പോയാല്‍ അഛന്‍ വീണ്ടും പോകുമോ.... കുരുന്നു മനസ്സില്‍ എന്താണാവോ ചിന്തിയ്‌ക്കുക. 
രാത്രി മുഴുവന്‍ യാത്ര ചെയ്‌തു വന്ന തന്റെ പ്രഭാത കൃത്യങ്ങള്‍ കര്‍ക്കിശതുകൊണ്ട്‌ മകനെ ഭാര്യയെ ഏല്‍പ്പിക്കുകയേ നിവര്‍ത്തിയുണ്ടായിരുന്നുള്ളൂ. മുകളിലത്തെ മുറിയിലേയ്‌ക്ക്‌ ബാഗുമായി നടന്നു കയറുമ്പോള്‍ പുറകില്‍ അവന്‍ അലറി കരഞ്ഞു.

 “അച്ഛാ... അച്ഛാ... മോഌം വരുന്നു.” 

അടുത്ത പടിയിലേയ്‌ക്ക്‌ കാലെടുത്തു വയ്‌ക്കാന്‍ മനസ്സനുവദിച്ചില്ല. പ്രകൃതിയുടെ വിളിയേക്കാളും എത്ര ശക്തമാണ്‌ മക്കളുടെ സ്‌നേഹാദ്രമായ ആ വിളി. താഴേയ്‌ക്ക്‌ ചാടി ഇറങ്ങി അവനെ വാരി പുണരാന്‍ തോന്നി. പക്ഷേ മനസ്സിന്റെ ചിറകുകള്‍ക്ക്‌ അപ്പോള്‍ ആരോ കടിഞ്ഞാണിട്ടു.

 “വേണ്ട.... നഷ്‌ടപ്പെടാന്‍ പോകുന്നത്‌ എത്ര വലുതായാലും ചഞ്ചലപ്പെടരുത്‌.”

 ആരാ അതു പറഞ്ഞത്‌? ഒന്നും ശങ്കിച്ചു നിന്നപ്പോള്‍ അയാള്‍ തന്നെ വിളിച്ചു പറഞ്ഞു.

 “ഞാനാണ്‌ .... നിങ്ങളുടെ പേഴ്‌സണല്‍ അഡ്വൈസര്‍” 

മകനെയും ഭാര്യയെയും നഷ്‌ടപ്പെടാന്‍ പോകുന്നു എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട്‌ ഞാന്‍ പടികള്‍ ഓരോന്നായി ചവുട്ടിക്കയറി. പുറകില്‍ അവന്റെ രോദനം നെഞ്ചില്‍ കോരിയിട്ട തീപോലെ ആളിപ്പടര്‍ന്നു. 

എനിയ്ക്കും ഭാര്യയ്‌ക്കും ഓരോ പേഴ്‌സണല്‍ അഡ്വൈസര്‍ ഉണ്ട്‌. രണ്ടാള്‍ക്കും ഒരേ പേര്‌ ആംഗലേയ ഉഛാരണ ശൈലിയില്‍ നമ്മളെല്ലാവരും പറയാറുള്ള “ഈഗോ” 
ഞങ്ങളുടെ കുടുംബ ജീവിതത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത്‌ ഇവരുടെ ഇടപെടലുകളാണ്‌. എന്തെങ്കിലും സൗന്ദര്യപിണക്കത്തില്‍ തുടങ്ങുന്ന ചെറിയ ഒരു വഴക്ക്‌. അപ്പോഴേയ്‌ക്കും അഡ്വൈസേഴ്‌സ്‌ ഉപദേശം തുടങ്ങിയിരിക്കും. അവസാനം രാത്രി കിടപ്പുമുറിയില്‍ ഒരു പൊട്ടിത്തെറിയില്‍ അത്‌ അവസാനിയ്‌ക്കുമ്പോള്‍ കുഞ്ഞിനെയും എടുത്ത്‌ ഭാര്യ വേറെ മുറിയിലായിട്ടുണ്ടാവും. ടിവിയിലെ ഏതെങ്കിലും രാഷ്‌ട്രീയ ചര്‍ച്ചകളില്‍ കണ്ണും നട്ട്‌ ഞാനും. 

അന്നും പതിവുപോലെ ഇതു തന്നെയാണ്‌ സംഭവിച്ചത്‌. പക്ഷേ അഡ്വൈസറുടെ ഉപദേശം മനസ്സാ വരിച്ച ഞാന്‍ അന്ന്‌ ഭാര്യയോടു പറഞ്ഞു. 

“എനിയ്‌ക്ക്‌ മടുത്തു തെട്ടതിഌം പിടിച്ചതിനും ഈ വഴക്ക്‌, നമ്മള്‍ക്ക്‌ പിരിയാം അതാ രണ്ടാള്‍ക്കും നല്ലത്‌.” 
“ശരി...... പിരിയാം” ഉടന്‍ തന്നെ അവള്‍ മറുപടിയും പറഞ്ഞു. 

അവളുടെ അഡ്വൈസര്‍ കുറച്ച്‌ കൂടെ സ്‌മാര്‍ട്ട്‌ ആണെന്ന്‌ തോന്നുന്നു. പിറ്റേന്ന്‌ നേരം പുലര്‍ന്നപ്പോള്‍ ഞാന്‍ കണ്ടത്‌ ഭാര്യക്കും മകനും പകരം ഒരു കുറിപ്പായിരുന്നു. യാത്ര പറഞ്ഞുള്ള ഒരു ആശംസാ കുറിപ്പ്‌. 

പിന്നീട്‌ ഏകാന്തതയുടെയും മരവിപ്പിന്റെയും നീണ്ട രണ്ടു മാസ്സങ്ങളായിരുന്നു.   പ്രത്യേകിച്ച്‌ ജോലി ഒന്നു ഇല്ലാത്ത വെറുതെ ഒരു കൂട്ടായി അപ്പോഴും അഡ്വൈസര്‍ കൂടെ ഉണ്ട്‌. ചിലപ്പോഴെങ്കിലും ഞാന്‍ ആലോചിക്കാറുണ്ടായിരുന്നു ആന ഇല്ലാത്ത പാപ്പാന്റെ തോട്ടിപോലെ ആണല്ലോ ഞാന്‍ ഇയാളെയും പേറി നടക്കുന്നത്‌. 

കുളി കഴിഞ്ഞ്‌ വസ്‌ത്രം മാറിയപ്പോഴെയ്‌ക്കും താഴെനിന്ന്‌ അമ്മയുടെ വിളി വന്നു. കല്യാണം കഴിഞ്ഞ അന്ന്‌ മുതലുള്ള പതിവാണ്‌ എപ്പോള്‍ ഇവിടെ വന്നാലും പ്രഭാത ഭക്ഷണം എടുത്തു വച്ച്‌ സ്റ്റെയര്‍കെയിസിന്‌ താഴെ വന്നു നിന്ന്‌ അമ്മ വിളിയ്‌ക്കും, പക്ഷേ ഇപ്രാവശ്യം.... എങ്ങനെ അമ്മയെ അഭിമുഖീകരിയ്‌ക്കും?.

 ഞാനും ഭാര്യയും മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമാണ്‌ ഇന്നത്തെ ഈ വരവ്‌. അച്ഛന്റെയും അമ്മയുടേയും മുന്‍പിലുള്ള ഈ ഒത്തുകളി അവസാനിപ്പിയ്‌ക്കണം. ഔപചാരികമായി അവരോട്‌ ഞങ്ങളുടെ വേര്‍പിരിയല്‍ തീരുമാനം അറിയിക്കണം. അതുകൊണ്ട്‌ തന്നെ വിസ്‌തരിച്ച്‌ ഭക്ഷണം കഴിക്കാന്‍ ഒന്നും നില്‍ക്കുന്നില്ല. അമ്മ നിര്‍ബന്ധിച്ചാല്‍ തന്നെ എന്തെങ്കിലും കഴിച്ചു എന്ന്‌ വരുത്തി കാര്യം പറഞ്ഞ്‌ ഉടന്‍ തന്നെ സ്ഥലം വിടുക. ബാഗും എടുത്ത്‌ താഴേയ്‌ക്ക്‌ ഇറങ്ങുമ്പോള്‍ അമ്മ കാത്ത്‌ നില്‍പുണ്ടായിരുന്നു, കയ്യിലെ ബാഗ്‌ കാണുമ്പോള്‍ എന്തായാലും ചോദിക്കാതിരിക്കില്ല. എന്താ അമ്മയോട്‌ പറയുക? ആലോചിച്ചിട്ട്‌ എനിയ്‌ക്ക്‌ ഒരു എത്തും പിടിയും കിട്ടിയില്ല. 

പക്ഷേ താഴെ എത്തിയപ്പോള്‍ എന്റെ പ്രതീക്ഷയ്‌ക്ക്‌ തികച്ചും വിപരീതമായിരുന്നു അമ്മയുടെ പ്രതികരണം. ആ കണ്ണുകള്‍ ഈറനണിഞ്ഞിരിക്കുന്നു. എന്റെ കൈകള്‍ കവര്‍ന്ന്‌ പിടിച്ചു.

 “മോനേ.......” 

ആ ശബ്‌ദം ഇടറിയിരിക്കുന്നു. അമ്മ എന്തൊക്കെയോ മനസ്സിലാക്കിയിരിക്കുന്നു എന്ന്‌ തീര്‍ച്ചയാണ്‌. ഞാന്‍ ഒഴിഞ്ഞു മാറാന്‍ ഒരു ശ്രമം നടത്തി നോക്കി. പക്ഷേ ആ പിടി ഒന്നു കൂടെ മുറുകുകയാണ്‌ ചെയ്‌തത്‌.

 “മോനേ... വയസ്സായ ഈ അമ്മ ഒന്നു മാത്രം പറഞ്ഞോട്ടെ, നിങ്ങള്‍ രണ്ടാളും ചെറുപ്പമാണ്‌. സ്‌നേഹത്തോടും സന്തോഷത്തോടും കൂടെ മക്കളോടൊപ്പം ഇനിയും എത്രകാലം ജീവിയ്‌ക്കാനിരിയ്‌ക്കുന്നു. വാശിയും പിടിവാശിയും കാട്ടി അത്‌ ഇല്ലാതാക്കരുത്‌.” 

കയ്യിലെ പിടിവിട്ട്‌ കണ്ണുനീര്‍ തുടച്ചുകൊണ്ട്‌ അമ്മ അകത്തേയ്‌ക്ക്‌ പോയി. എന്തു ചെയ്യണമെന്നറിയാതെ ഞാന്‍ സ്‌തംഭിച്ചു നിന്നു. അപ്പോഴേയ്‌ക്കും മകന്‍ എന്റെയരുകില്‍ ഓടിയെത്തി. അവനെ വാരിപ്പുണര്‍ന്ന്‌ നില്‍ക്കുമ്പോള്‍ കതകിന്റെ മറവില്‍ ഒരു കാല്‍ പെരുമാറ്റം കേട്ടു. കയ്യില്‍ ബാഗുമായി എന്റെ ഒരു വിളിയും പ്രതീക്ഷിച്ചു നില്‍ക്കുന്ന ഭാര്യ. അവളുടെ കണ്ണില്‍ സ്‌നേഹത്തിന്റെ, ക്ഷമാപണത്തിന്റെ നനവുണ്ടായിരുന്നു. അറിയാതെ എന്റെയും കണ്ണു നിറഞ്ഞുപോയി. കാരണം ഇതു തന്നെയല്ലേ ഞാനും പ്രതിക്ഷിച്ചിരുന്നത്‌.

അച്ഛനോടും അമ്മയോടും യാത്രപറഞ്ഞ്‌ ഭാര്യയും മകനുമായി പുറപ്പെടാന്‍ ഒരുങ്ങുമ്പോള്‍ പുറത്ത്‌ ഗേറ്റിനടുത്ത്‌ ഒരാള്‍ എന്നെ പ്രതീക്ഷിച്ച്‌ നില്‍പ്പുണ്ടായിരുന്നു. ജോലിയ്‌ക്കായി ഒരു അപേക്ഷയും പിടിച്ചാണ്‌ നില്‍പ്‌. ഞാന്‍ അത്‌ വാങ്ങി വായിച്ചു നോക്കി. സമര്‍ത്ഥന്‍, ഒരു പാടു വര്‍ഷത്തെ പ്രവൃത്തി പരിചയം. പക്ഷേ വ്യത്യാസമില്ലാത്തതായി ഒന്നേ ഉണ്ടായിരുന്നുള്ളൂ അയാളുടെ പേര്‌ 
“ഈഗോ.” 

ഭാര്യയെ ചേര്‍ത്തു പിടിച്ച്‌ ഞാന്‍ പൊട്ടിച്ചിരിച്ചു. ഇനിയും എത്ര എത്ര ഈഗോമാര്‍ വരാനിരിയ്‌ക്കുന്നു. പക്ഷേ ശിഷ്‌ടകാലം ഞങ്ങള്‍ക്ക്‌ അവരോട്‌ ഒന്നു മാത്രമേ പറയാനുള്ളൂ.

 “നോ വേക്കന്‍സി പ്ലീസ്‌”

Sunday, 14 July 2013

ബലി

ഇന്ന്  വാവ് . കര്‍ക്കിടകത്തിന്റെ കറുത്ത പക്ഷത്തിലെ  വാവ് . മനു ബലികല്ലു കഴുകി വൃത്തിയാക്കി ചുറ്റും ചാണകം മെഴുകി . ചാവടിയില്  ബലിക്കുള്ള  സാധനങ്ങലെല്ലം ഒരുക്കിയിട്ടുണ്ട് . ഉരപ്പുരയില്  വെള്ളംകുടിക്കുള്ള ഒരുക്കങ്ങള്‍ നടക്കുന്നതെയുള്ളു. അടയും ഇളനീരും  ഒക്കെ  എത്തുമ്പോള്‍ നേരം ഉച്ച തിരിയും. അത്രയും നേരം  ഒരിറ്റു വെള്ളം പോലും കുടിക്കരുത് . ഓര്‍ത്തപ്പോള്‍ മനുവിന്  ദേഷ്യം വന്നു .എല്ലാം  മനസ്സില്‍ ഒതുക്കുകയായിരുന്നു  ആര്‍ക്കോ  വേണ്ടി  ആരുടെയോ  പ്രേരണയാല്‍.

പുറത്ത്  വല്യ ഛന്‍  വന്നതിന്റെ ബഹളം  കേള്‍ക്കാം. അമ്മ ബലിയുടെ കാര്യം  വല്യ ഛനെയാണ്  ഏല്പിച്ചിരിക്കുന്നത് . മനു കച്ചതോര്ത്തും  ചുറ്റി  തേവാരം കഴിഞ്ഞെത്തി. കിണ്ടിയിലെ വെള്ളമെടുത്തു ബലിക്കല്ല്  വൃത്തിയാക്കുമ്പോള്‍ അവന്‍ മനസിലൊരു രൂപം ഒര്‍ക്കാന്‍  ശ്രമിക്കുകയായിരുന്നു. കണ്ണാടിയില്‍  കണ്ടുമറന്ന ജീവനുള്ള മനുവിന്റെ രൂപം. അച്ഛന്റെ സുഹൃത്തുക്കള്‍ പലപ്പോഴും പറയും "ഇവന്‍ അച്ഛന്റെ തനിപകര്‍പ്പ്  തന്നെ " ചിലര്‍ അച്ഛന്റെ പേര്  തന്നെ വിളിച്ചിരുന്നു .ഇന്നേക്ക്  പതിനെട്ടു തികയുന്നു അച്ഛന്റെ ആണ്ടിന് . ഈ ബലി  കൂടി കഴിഞ്ഞാല്‍ അസ്ഥി  നിമഞ്ജനം  ചെയ്യണം. അനാഥ പ്രേതമായി  അലഞ്ഞുനടക്കാതെ അച്ഛന്റെ ആത്മാവ്  എത്രയും  പെട്ടന്ന്  ബ്രഹ്മത്തില്‍  എത്തട്ടെ.  പുറത്തു  കാറ്റു  വീശി, കുട്ടനടാന്‍ വയലുകളെ തഴുകി  എത്തുന്ന തണുത്ത കാറ്റ് . ഈ കാറ്റിന്  അച്ഛന്റെ ഗന്ഥ മുണ്ടാവും, ശബ്ദവും.

എല്ലാ  ഒരുക്കങ്ങളും കഴിഞ്ഞിട്ടാവണം വല്യ ഛന്‍ വന്നു വിളിച്ചത് . മനു ബലിച്ചൊറ്‌  വേവിക്കുന്ന തിരക്കിലായിരുന്നു. 'എന്ന ഇനി  വച്ചുതമാസിപ്പിക്കണ്ട അങ്ങട്  തുടങ്ങിക്കോളു ' വിശപ്പ്‌  കാരണമാവാം വല്യ ഛന്‍ തിരക്കുകൂട്ടാന്‍  തുടങ്ങി. കയ്യില്‍  ദര്‍ഭ  മോതിരമഞ്ഞിഞ്ഞു ചമ്രം പടഞ്ഞിരുന്നു. കിണ്ടിയില്‍നിന്ന്  മൂന്നു  വട്ടം വെള്ളം തളിച്ച്  തറയില്‍ ദര്‍ഭ നിരത്തി. തുളസിപൂകൊണ്ട്  മൂന്നു നീര് , അരിയും നെല്ലും കൂട്ടി മൂന്നു നീര് , പിതൃക്കളെ മനസ്സില്‍  ധ്യാനിച്ച്  വിളക്കതൊരു പൂവിട്ടു തൊഴുക, വല്യ ഛന്‍ ഓരോന്നായി പറഞ്ഞുകൊണ്ടിരുന്നു. പക്ഷെ  മനുവിന്  എല്ലാം അറിയാം. എത്രയോ വര്‍ഷമായി അച്ഛനെ ഈ ദര്‍ഭയില്‍ ഊട്ടി ഉറക്കിയതാണ് . ഉരുളിയിലെ ചോറില്‍ പാലും തൈരും ചേര്‍ത്ത്  കുഴച്  മൂന്നു ഉരുളകളാക്കി. പൂവും ചന്ദനവും കൂട്ടി ആദ്യത്തെ  പിണ്ഡം ദര്‍ഭയില്‍ വച്ചു. ഇതു മുന്‍കോപിയായ മുത്തച്ഛന് . കോലായില്‍ ഊന്നുവടിയുടെ പതിഞ്ഞ ശബ്ദം കേള്ക്കുന്നുണ്ടോ ....? ദേഷ്യത്തോടെയുള്ള  മുത്തച്ഛന്റെ  വിളിയില്‍ എപ്പോഴും വാത്സല്യത്തിന്റെ മധുരം ഉണ്ടായിരുന്നു. ആരോടും  പരിഭവമില്ലാതെ വെറ്റില  മുറുക്കി ഉമ്മറത്തിരിക്കുന്ന മുത്തശ്ശിക്ക് വേണ്ടി  രണ്ടാമത്തെ ഉരുള ദര്‍ഭയില്‍ വച്ചു. കുഞ്ഞുന്നാളില്‍  അച്ഛനെ കാണാന്‍  ശാട്യം പിടിക്കുമ്പോള്‍ ആകാശത്തെ  നക്ഷത്രങ്ങളെ കാട്ടിത്തരുന്ന മുത്തശ്ശി. മൂന്നാമത്തെ ഉരുള  കയ്യിലെടുത്തു, ഓര്‍മ്മവയ്ക്കും  മുന്പേ പിരിഞ്ഞുപോയ അച്ഛന്റെ രൂപത്തിനുവേണ്ടി മനസ്സില്‍ പരതി. കവിളുകളിലൂടെ കണ്ണുനീര്‍ത്തുള്ളികള്‍ ഒഴുകി. മാധവന്‍  നായര്‍ കാര്‍ത്തിക നക്ഷത്രം. ഒരു വിതുമ്പലോടെ അച്ഛന്റെ പേരും  നാളും  ഉച്ചരിച്ചു അവസാനത്തെ ഉരുളയും ദര്‍ഭയില്‍ വച്ചു.

ബലികല്ലിനു ചുറ്റും മൂന്നുവട്ടം വെള്ളം  തളിച്ച്  മൂന്നു പിണ്ഡങ്ങളും കല്ലില്‍ സമര്‍പ്പിച്ചു എന്നിട്ട്  നനഞ്ഞ കൈകള്‍ കൊട്ടി പിതൃക്കളെ വിളിച്ചു.  കിണ്ടി കമഴ്ത്തി നമസ്കരിക്കുമ്പോള്‍  ഒരു  കാക്ക  മതിലില്‍  വന്നിരുന്നു.  അപ്പോള്‍ കാറ്റുവീശി കുട്ടനടാന്‍ വയലുകളെ തഴുകി  എത്തുന്ന തണുത്ത കാറ്റ് . ഒരുനുള്ളു ചോറും കൊത്തി പറന്നകലുംമ്പോള്‍ അതിന്റെ കണ്ണില്‍ സ്നേഹിക്കാന്‍ ഭാഗ്യം കിട്ടാതെപോയ ഒരു  അച്ഛന്റെ വിഷാദമുണ്ടായിരുന്നോ?.