Sunday, 14 July 2013

ബലി

ഇന്ന്  വാവ് . കര്‍ക്കിടകത്തിന്റെ കറുത്ത പക്ഷത്തിലെ  വാവ് . മനു ബലികല്ലു കഴുകി വൃത്തിയാക്കി ചുറ്റും ചാണകം മെഴുകി . ചാവടിയില്  ബലിക്കുള്ള  സാധനങ്ങലെല്ലം ഒരുക്കിയിട്ടുണ്ട് . ഉരപ്പുരയില്  വെള്ളംകുടിക്കുള്ള ഒരുക്കങ്ങള്‍ നടക്കുന്നതെയുള്ളു. അടയും ഇളനീരും  ഒക്കെ  എത്തുമ്പോള്‍ നേരം ഉച്ച തിരിയും. അത്രയും നേരം  ഒരിറ്റു വെള്ളം പോലും കുടിക്കരുത് . ഓര്‍ത്തപ്പോള്‍ മനുവിന്  ദേഷ്യം വന്നു .എല്ലാം  മനസ്സില്‍ ഒതുക്കുകയായിരുന്നു  ആര്‍ക്കോ  വേണ്ടി  ആരുടെയോ  പ്രേരണയാല്‍.

പുറത്ത്  വല്യ ഛന്‍  വന്നതിന്റെ ബഹളം  കേള്‍ക്കാം. അമ്മ ബലിയുടെ കാര്യം  വല്യ ഛനെയാണ്  ഏല്പിച്ചിരിക്കുന്നത് . മനു കച്ചതോര്ത്തും  ചുറ്റി  തേവാരം കഴിഞ്ഞെത്തി. കിണ്ടിയിലെ വെള്ളമെടുത്തു ബലിക്കല്ല്  വൃത്തിയാക്കുമ്പോള്‍ അവന്‍ മനസിലൊരു രൂപം ഒര്‍ക്കാന്‍  ശ്രമിക്കുകയായിരുന്നു. കണ്ണാടിയില്‍  കണ്ടുമറന്ന ജീവനുള്ള മനുവിന്റെ രൂപം. അച്ഛന്റെ സുഹൃത്തുക്കള്‍ പലപ്പോഴും പറയും "ഇവന്‍ അച്ഛന്റെ തനിപകര്‍പ്പ്  തന്നെ " ചിലര്‍ അച്ഛന്റെ പേര്  തന്നെ വിളിച്ചിരുന്നു .ഇന്നേക്ക്  പതിനെട്ടു തികയുന്നു അച്ഛന്റെ ആണ്ടിന് . ഈ ബലി  കൂടി കഴിഞ്ഞാല്‍ അസ്ഥി  നിമഞ്ജനം  ചെയ്യണം. അനാഥ പ്രേതമായി  അലഞ്ഞുനടക്കാതെ അച്ഛന്റെ ആത്മാവ്  എത്രയും  പെട്ടന്ന്  ബ്രഹ്മത്തില്‍  എത്തട്ടെ.  പുറത്തു  കാറ്റു  വീശി, കുട്ടനടാന്‍ വയലുകളെ തഴുകി  എത്തുന്ന തണുത്ത കാറ്റ് . ഈ കാറ്റിന്  അച്ഛന്റെ ഗന്ഥ മുണ്ടാവും, ശബ്ദവും.

എല്ലാ  ഒരുക്കങ്ങളും കഴിഞ്ഞിട്ടാവണം വല്യ ഛന്‍ വന്നു വിളിച്ചത് . മനു ബലിച്ചൊറ്‌  വേവിക്കുന്ന തിരക്കിലായിരുന്നു. 'എന്ന ഇനി  വച്ചുതമാസിപ്പിക്കണ്ട അങ്ങട്  തുടങ്ങിക്കോളു ' വിശപ്പ്‌  കാരണമാവാം വല്യ ഛന്‍ തിരക്കുകൂട്ടാന്‍  തുടങ്ങി. കയ്യില്‍  ദര്‍ഭ  മോതിരമഞ്ഞിഞ്ഞു ചമ്രം പടഞ്ഞിരുന്നു. കിണ്ടിയില്‍നിന്ന്  മൂന്നു  വട്ടം വെള്ളം തളിച്ച്  തറയില്‍ ദര്‍ഭ നിരത്തി. തുളസിപൂകൊണ്ട്  മൂന്നു നീര് , അരിയും നെല്ലും കൂട്ടി മൂന്നു നീര് , പിതൃക്കളെ മനസ്സില്‍  ധ്യാനിച്ച്  വിളക്കതൊരു പൂവിട്ടു തൊഴുക, വല്യ ഛന്‍ ഓരോന്നായി പറഞ്ഞുകൊണ്ടിരുന്നു. പക്ഷെ  മനുവിന്  എല്ലാം അറിയാം. എത്രയോ വര്‍ഷമായി അച്ഛനെ ഈ ദര്‍ഭയില്‍ ഊട്ടി ഉറക്കിയതാണ് . ഉരുളിയിലെ ചോറില്‍ പാലും തൈരും ചേര്‍ത്ത്  കുഴച്  മൂന്നു ഉരുളകളാക്കി. പൂവും ചന്ദനവും കൂട്ടി ആദ്യത്തെ  പിണ്ഡം ദര്‍ഭയില്‍ വച്ചു. ഇതു മുന്‍കോപിയായ മുത്തച്ഛന് . കോലായില്‍ ഊന്നുവടിയുടെ പതിഞ്ഞ ശബ്ദം കേള്ക്കുന്നുണ്ടോ ....? ദേഷ്യത്തോടെയുള്ള  മുത്തച്ഛന്റെ  വിളിയില്‍ എപ്പോഴും വാത്സല്യത്തിന്റെ മധുരം ഉണ്ടായിരുന്നു. ആരോടും  പരിഭവമില്ലാതെ വെറ്റില  മുറുക്കി ഉമ്മറത്തിരിക്കുന്ന മുത്തശ്ശിക്ക് വേണ്ടി  രണ്ടാമത്തെ ഉരുള ദര്‍ഭയില്‍ വച്ചു. കുഞ്ഞുന്നാളില്‍  അച്ഛനെ കാണാന്‍  ശാട്യം പിടിക്കുമ്പോള്‍ ആകാശത്തെ  നക്ഷത്രങ്ങളെ കാട്ടിത്തരുന്ന മുത്തശ്ശി. മൂന്നാമത്തെ ഉരുള  കയ്യിലെടുത്തു, ഓര്‍മ്മവയ്ക്കും  മുന്പേ പിരിഞ്ഞുപോയ അച്ഛന്റെ രൂപത്തിനുവേണ്ടി മനസ്സില്‍ പരതി. കവിളുകളിലൂടെ കണ്ണുനീര്‍ത്തുള്ളികള്‍ ഒഴുകി. മാധവന്‍  നായര്‍ കാര്‍ത്തിക നക്ഷത്രം. ഒരു വിതുമ്പലോടെ അച്ഛന്റെ പേരും  നാളും  ഉച്ചരിച്ചു അവസാനത്തെ ഉരുളയും ദര്‍ഭയില്‍ വച്ചു.

ബലികല്ലിനു ചുറ്റും മൂന്നുവട്ടം വെള്ളം  തളിച്ച്  മൂന്നു പിണ്ഡങ്ങളും കല്ലില്‍ സമര്‍പ്പിച്ചു എന്നിട്ട്  നനഞ്ഞ കൈകള്‍ കൊട്ടി പിതൃക്കളെ വിളിച്ചു.  കിണ്ടി കമഴ്ത്തി നമസ്കരിക്കുമ്പോള്‍  ഒരു  കാക്ക  മതിലില്‍  വന്നിരുന്നു.  അപ്പോള്‍ കാറ്റുവീശി കുട്ടനടാന്‍ വയലുകളെ തഴുകി  എത്തുന്ന തണുത്ത കാറ്റ് . ഒരുനുള്ളു ചോറും കൊത്തി പറന്നകലുംമ്പോള്‍ അതിന്റെ കണ്ണില്‍ സ്നേഹിക്കാന്‍ ഭാഗ്യം കിട്ടാതെപോയ ഒരു  അച്ഛന്റെ വിഷാദമുണ്ടായിരുന്നോ?.

4 comments:

  1. nalla udyamam..........itharam srishtikal iniyum janikkatte

    ReplyDelete
  2. മനോഹരമായി പറഞ്ഞിരിക്കുന്നു..

    ReplyDelete
  3. Aayamkudi Gangadharanpillay ofKariyoor mangalam Kavalam was my class mate at NSSHigh school Kavalam.Can you send me his details.

    ReplyDelete
  4. Nicely written, Binu! Keep writing :)

    ReplyDelete