രണ്ടു മാസങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ എന്റെ മകനെ വീണ്ടും കാണുന്നത്. ഭാര്യ വീടിന്റെ പടികടന്ന് അകത്തേയ്ക്ക് കയറുമ്പോള്‍ അമ്മയുടെ ഒക്കത്തിരുന്ന് അവന് വിടര്‍ന്ന കണ്ണുകളോടെ പുഞ്ചിരിച്ചു. പിന്നെ മണിമുത്തുകള്‍ പൊഴിയും പോലെ ആര്‍ത്ത് ആര്‍ത്ത് ചിരിച്ചു.
“ആരാ മോനെ ഇത്”
അമ്മയുടെ ചോദ്യത്തിന് ചിരിയുടെ ഇടയില്‍ അവന് മറുപടിയും നല്കി.
“അച്ഛ”
രണ്ടു വയസ്സു മാത്രം പ്രായമുള്ള അവന്റെ മനസ്സില്‍ എന്തായിരുന്നിരിക്കും അപ്പോള്‍. പരിചയമുള്ള മുഖങ്ങളെക്കാള്‍ ഉപരി ആ കുരുന്നു മനസ്സില്‍ എന്തോ ഒരു വികാരം ഞാന്‍ തിരിച്ചറിഞ്ഞു. രക്ത ബന്ധത്തിന്റെ ശക്തിയാണോ? അതോ ഇക്കാലമത്രയും വാരിപ്പുണര്‍ന്ന് നെറ്റിയില്‍ നല്കിയ ചുംബനങ്ങളുടെ ഊഷ്മളതയാണോ? ചിലപ്പോള്‍ ഒരു പ്രകൃതി നിയമം പോലെ അവന് അഛനെ തിരിച്ചറിഞ്ഞതാണോ?. ഒന്നും എനിക്കറിയില്ല. പക്ഷേ ഒന്നറിയാം എന്റെ മകന് എന്നെ മനസ്സിലാക്കുന്നു, എന്നെ സ്നേഹിക്കുന്നു, എന്റെ സാമീപ്യത്തില്‍ അവന് സന്തോഷിക്കുന്നു.
കയ്യിലിരുന്ന ബാഗ് താഴെവച്ച് രണ്ടു കൈയ്യും നീട്ടി ഞാന്‍ വിളിച്ചു. എന്റെ കൈത്തണ്ടയിലേയ്ക്ക് ചാടിക്കയറുമ്പോള്‍ ഒരു രാജ്യം വൈട്ടിപ്പിടിച്ച രാജാവിനേക്കാളും അന്തസ്സുണ്ടായിരുന്നു അവന്റെ മുഖഭാവത്തില്‍.
“അഛനൊരു ഉമ്മതാ ചക്കരേ”
പൊന്നു മോന്റെ മുത്തം കൊതിയ്ക്കാത്ത ഏത് അഛനുണ്ടാവും ഈ ലോകത്ത്, ഞാന്‍ ചോദിച്ചപ്പോള്‍ ഇളം ചുണ്ടുകൊണ്ട് ചെറു മന്ദഹാസത്തോടെ അവന് കവിളത്തൊരു മുത്തം തന്നു. കൂടെ ഉറക്കെ പറയുകയും ചെയ്തു.
“ഉമ്മ....”
എന്നിട്ട് അച്ഛന്റെ കൈത്തണ്ടയില്‍ ഞെളിഞ്ഞിരുന്ന് ഒരു ചക്രവര്‍ത്തിയെപ്പോലെ അമ്മയെ നോക്കി ചിരിച്ചു.
അമ്മയുടെ മുഖത്ത് കുശുമ്പിന്റെ ഒരു നിഴലാട്ടമില്ലേ. സ്വന്തം കുഞ്ഞിന്റെ സ്നേഹം പങ്കുവയ്ക്കാന്‍ ഒരു അമ്മയ്ക്കും മനസ്സുവരില്ല. അതു സ്വന്തം ഭര്‍ത്താവായാല്‍ കൂടി.
അവള് കൈ നീട്ടി മകനെ വിളിച്ചു.
“പോ.... പോ......”
അവന് അമ്മയുടെ കൈ തട്ടിമാറ്റി ഇനി അമ്മയുടെ അടുത്തു പോയാല്‍ അഛന് വീണ്ടും പോകുമോ.... കുരുന്നു മനസ്സില്‍ എന്താണാവോ ചിന്തിയ്ക്കുക.
രാത്രി മുഴുവന്‍ യാത്ര ചെയ്തു വന്ന തന്റെ പ്രഭാത കൃത്യങ്ങള്‍ കര്ക്കിശതുകൊണ്ട് മകനെ ഭാര്യയെ ഏല്‍പ്പിക്കുകയേ നിവര്‍ത്തിയുണ്ടായിരുന്നുള്ളൂ. മുകളിലത്തെ മുറിയിലേയ്ക്ക് ബാഗുമായി നടന്നു കയറുമ്പോള്‍ പുറകില്‍ അവന് അലറി കരഞ്ഞു.
“അച്ഛാ... അച്ഛാ... മോഌം വരുന്നു.”
അടുത്ത പടിയിലേയ്ക്ക് കാലെടുത്തു വയ്ക്കാന്‍ മനസ്സനുവദിച്ചില്ല. പ്രകൃതിയുടെ വിളിയേക്കാളും എത്ര ശക്തമാണ് മക്കളുടെ സ്നേഹാദ്രമായ ആ വിളി. താഴേയ്ക്ക് ചാടി ഇറങ്ങി അവനെ വാരി പുണരാന്‍ തോന്നി. പക്ഷേ മനസ്സിന്റെ ചിറകുകള്‍ക്ക് അപ്പോള്‍ ആരോ കടിഞ്ഞാണിട്ടു.
“വേണ്ട.... നഷ്ടപ്പെടാന്‍ പോകുന്നത് എത്ര വലുതായാലും ചഞ്ചലപ്പെടരുത്.”
ആരാ അതു പറഞ്ഞത്? ഒന്നും ശങ്കിച്ചു നിന്നപ്പോള്‍ അയാള്‍ തന്നെ വിളിച്ചു പറഞ്ഞു.
“ഞാനാണ് .... നിങ്ങളുടെ പേഴ്സണല്‍ അഡ്വൈസര്‍”
മകനെയും ഭാര്യയെയും നഷ്ടപ്പെടാന്‍ പോകുന്നു എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് ഞാന്‍ പടികള്‍ ഓരോന്നായി ചവുട്ടിക്കയറി. പുറകില്‍ അവന്റെ രോദനം നെഞ്ചില്‍ കോരിയിട്ട തീപോലെ ആളിപ്പടര്‍ന്നു.
എനിയ്ക്കും ഭാര്യയ്ക്കും ഓരോ പേഴ്സണല്‍ അഡ്വൈസര്‍ ഉണ്ട്. രണ്ടാള്‍ക്കും ഒരേ പേര് ആംഗലേയ ഉഛാരണ ശൈലിയില്‍ നമ്മളെല്ലാവരും പറയാറുള്ള “ഈഗോ”
ഞങ്ങളുടെ കുടുംബ ജീവിതത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് ഇവരുടെ ഇടപെടലുകളാണ്. എന്തെങ്കിലും സൗന്ദര്യപിണക്കത്തില്‍ തുടങ്ങുന്ന ചെറിയ ഒരു വഴക്ക്. അപ്പോഴേയ്ക്കും അഡ്വൈസേഴ്സ് ഉപദേശം തുടങ്ങിയിരിക്കും. അവസാനം രാത്രി കിടപ്പുമുറിയില്‍ ഒരു പൊട്ടിത്തെറിയില്‍ അത് അവസാനിയ്ക്കുമ്പോള്‍ കുഞ്ഞിനെയും എടുത്ത് ഭാര്യ വേറെ മുറിയിലായിട്ടുണ്ടാവും. ടിവിയിലെ ഏതെങ്കിലും രാഷ്ട്രീയ ചര്‍ച്ചകളില്‍ കണ്ണും നട്ട് ഞാനും.
അന്നും പതിവുപോലെ ഇതു തന്നെയാണ് സംഭവിച്ചത്. പക്ഷേ അഡ്വൈസറുടെ ഉപദേശം മനസ്സാ വരിച്ച ഞാന്‍ അന്ന് ഭാര്യയോടു പറഞ്ഞു.
“എനിയ്ക്ക് മടുത്തു തെട്ടതിഌം പിടിച്ചതിനും ഈ വഴക്ക്, നമ്മള്‍ക്ക് പിരിയാം അതാ രണ്ടാള്‍ക്കും നല്ലത്.”
“ശരി...... പിരിയാം” ഉടന്‍ തന്നെ അവള് മറുപടിയും പറഞ്ഞു.
അവളുടെ അഡ്വൈസര്‍ കുറച്ച് കൂടെ സ്മാര്‍ട്ട് ആണെന്ന് തോന്നുന്നു. പിറ്റേന്ന് നേരം പുലര്‍ന്നപ്പോള്‍ ഞാന്‍ കണ്ടത് ഭാര്യക്കും മകനും പകരം ഒരു കുറിപ്പായിരുന്നു. യാത്ര പറഞ്ഞുള്ള ഒരു ആശംസാ കുറിപ്പ്.
പിന്നീട് ഏകാന്തതയുടെയും മരവിപ്പിന്റെയും നീണ്ട രണ്ടു മാസ്സങ്ങളായിരുന്നു. പ്രത്യേകിച്ച് ജോലി ഒന്നു ഇല്ലാത്ത വെറുതെ ഒരു കൂട്ടായി അപ്പോഴും അഡ്വൈസര്‍ കൂടെ ഉണ്ട്. ചിലപ്പോഴെങ്കിലും ഞാന്‍ ആലോചിക്കാറുണ്ടായിരുന്നു ആന ഇല്ലാത്ത പാപ്പാന്റെ തോട്ടിപോലെ ആണല്ലോ ഞാന്‍ ഇയാളെയും പേറി നടക്കുന്നത്.
കുളി കഴിഞ്ഞ് വസ്ത്രം മാറിയപ്പോഴെയ്ക്കും താഴെനിന്ന് അമ്മയുടെ വിളി വന്നു. കല്യാണം കഴിഞ്ഞ അന്ന് മുതലുള്ള പതിവാണ് എപ്പോള്‍ ഇവിടെ വന്നാലും പ്രഭാത ഭക്ഷണം എടുത്തു വച്ച് സ്റ്റെയര്‍കെയിസിന് താഴെ വന്നു നിന്ന് അമ്മ വിളിയ്ക്കും, പക്ഷേ ഇപ്രാവശ്യം.... എങ്ങനെ അമ്മയെ അഭിമുഖീകരിയ്ക്കും?.
ഞാനും ഭാര്യയും മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമാണ് ഇന്നത്തെ ഈ വരവ്. അച്ഛന്റെയും അമ്മയുടേയും മുന്‍പിലുള്ള ഈ ഒത്തുകളി അവസാനിപ്പിയ്ക്കണം. ഔപചാരികമായി അവരോട് ഞങ്ങളുടെ വേര്‍പിരിയല്‍ തീരുമാനം അറിയിക്കണം. അതുകൊണ്ട് തന്നെ വിസ്തരിച്ച് ഭക്ഷണം കഴിക്കാന്‍ ഒന്നും നില്ക്കുന്നില്ല. അമ്മ നിര്‍ബന്ധിച്ചാല്‍ തന്നെ എന്തെങ്കിലും കഴിച്ചു എന്ന് വരുത്തി കാര്യം പറഞ്ഞ് ഉടന്‍ തന്നെ സ്ഥലം വിടുക. ബാഗും എടുത്ത് താഴേയ്ക്ക് ഇറങ്ങുമ്പോള്‍ അമ്മ കാത്ത് നില്പുണ്ടായിരുന്നു, കയ്യിലെ ബാഗ് കാണുമ്പോള്‍ എന്തായാലും ചോദിക്കാതിരിക്കില്ല. എന്താ അമ്മയോട് പറയുക? ആലോചിച്ചിട്ട് എനിയ്ക്ക് ഒരു എത്തും പിടിയും കിട്ടിയില്ല.
പക്ഷേ താഴെ എത്തിയപ്പോള്‍ എന്റെ പ്രതീക്ഷയ്ക്ക് തികച്ചും വിപരീതമായിരുന്നു അമ്മയുടെ പ്രതികരണം. ആ കണ്ണുകള്‍ ഈറനണിഞ്ഞിരിക്കുന്നു. എന്റെ കൈകള്‍ കവര്‍ന്ന് പിടിച്ചു.
“മോനേ.......”
ആ ശബ്ദം ഇടറിയിരിക്കുന്നു. അമ്മ എന്തൊക്കെയോ മനസ്സിലാക്കിയിരിക്കുന്നു എന്ന് തീര്‍ച്ചയാണ്. ഞാന്‍ ഒഴിഞ്ഞു മാറാന്‍ ഒരു ശ്രമം നടത്തി നോക്കി. പക്ഷേ ആ പിടി ഒന്നു കൂടെ മുറുകുകയാണ് ചെയ്തത്.
“മോനേ... വയസ്സായ ഈ അമ്മ ഒന്നു മാത്രം പറഞ്ഞോട്ടെ, നിങ്ങള്‍ രണ്ടാളും ചെറുപ്പമാണ്. സ്നേഹത്തോടും സന്തോഷത്തോടും കൂടെ മക്കളോടൊപ്പം ഇനിയും എത്രകാലം ജീവിയ്ക്കാനിരിയ്ക്കുന്നു. വാശിയും പിടിവാശിയും കാട്ടി അത് ഇല്ലാതാക്കരുത്.”
കയ്യിലെ പിടിവിട്ട് കണ്ണുനീര് തുടച്ചുകൊണ്ട് അമ്മ അകത്തേയ്ക്ക് പോയി. എന്തു ചെയ്യണമെന്നറിയാതെ ഞാന്‍ സ്തംഭിച്ചു നിന്നു. അപ്പോഴേയ്ക്കും മകന് എന്റെയരുകില്‍ ഓടിയെത്തി. അവനെ വാരിപ്പുണര്‍ന്ന് നില്ക്കുമ്പോള് കതകിന്റെ മറവില്‍ ഒരു കാല് പെരുമാറ്റം കേട്ടു. കയ്യില്‍ ബാഗുമായി എന്റെ ഒരു വിളിയും പ്രതീക്ഷിച്ചു നില്ക്കുന്ന ഭാര്യ. അവളുടെ കണ്ണില്‍ സ്നേഹത്തിന്റെ, ക്ഷമാപണത്തിന്റെ നനവുണ്ടായിരുന്നു. അറിയാതെ എന്റെയും കണ്ണു നിറഞ്ഞുപോയി. കാരണം ഇതു തന്നെയല്ലേ ഞാനും പ്രതിക്ഷിച്ചിരുന്നത്.
അച്ഛനോടും അമ്മയോടും യാത്രപറഞ്ഞ് ഭാര്യയും മകനുമായി പുറപ്പെടാന്‍ ഒരുങ്ങുമ്പോള്‍ പുറത്ത് ഗേറ്റിനടുത്ത് ഒരാള്‍ എന്നെ പ്രതീക്ഷിച്ച് നില്‍പ്പുണ്ടായിരുന്നു. ജോലിയ്ക്കായി ഒരു അപേക്ഷയും പിടിച്ചാണ് നില്പ്. ഞാന്‍ അത് വാങ്ങി വായിച്ചു നോക്കി. സമര്ത്ഥന്, ഒരു പാടു വര്‍ഷത്തെ പ്രവൃത്തി പരിചയം. പക്ഷേ വ്യത്യാസമില്ലാത്തതായി ഒന്നേ ഉണ്ടായിരുന്നുള്ളൂ അയാളുടെ പേര്
“ഈഗോ.”
ഭാര്യയെ ചേര്‍ത്തു പിടിച്ച് ഞാന്‍ പൊട്ടിച്ചിരിച്ചു. ഇനിയും എത്ര എത്ര ഈഗോമാര് വരാനിരിയ്ക്കുന്നു. പക്ഷേ ശിഷ്ടകാലം ഞങ്ങള്‍ക്ക് അവരോട് ഒന്നു മാത്രമേ പറയാനുള്ളൂ.
“നോ വേക്കന്‍സി പ്ലീസ്”